Spread the love

ന്യൂഡല്‍ഹി: നാഗ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഖാപ്രി മെട്രോ സ്റ്റേഷനിൽ രണ്ട് മെട്രോ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നാഗ്പൂർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു.

ഖാപ്രിയിൽ നിന്ന് ഓട്ടോമോട്ടീവ് സ്ക്വയറിലേക്കും പ്രജാപതി നഗർ മുതൽ ലോക്മാനിയ നഗർ വരെയും മെട്രോ ഫ്ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് ശേഷം മോദി ഫ്രീഡം പാർക്കിൽ നിന്ന് ഖാപ്രിയിലേക്ക് മെട്രോയിൽ യാത്ര ചെയ്തു. സ്റ്റേഷൻ കൗണ്ടറിൽ നിന്ന് തന്നെ ടിക്കറ്റ് വാങ്ങിയ ശേഷമാണ് മോദി മെട്രോയിൽ കയറിയത്. യാത്രയ്ക്കിടെ വിദ്യാർത്ഥികളുമായും മറ്റ് യാത്രക്കാരുമായും മോദി സംവദിക്കുന്ന വീഡിയോ ഒരു ബിജെപി നേതാവ് തന്‍റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു.

നാഗ്പൂർ മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടന വേളയിൽ നാഗ്പൂരിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും മെട്രോ യാത്ര സുഖകരവും സൗകര്യപ്രദവുമാണെന്നും ഉദ്ഘാടനത്തിന് ശേഷം മോദി ട്വീറ്റ് ചെയ്തു. 8,650 കോടിയിലധികം രൂപ ചെലവഴിച്ചാണ് നാഗ്പൂർ മെട്രോയുടെ ആദ്യ ഘട്ടം പൂർത്തീകരിച്ചത്. 6,700 കോടി രൂപ ചെലവിലാണ് രണ്ടാം ഘട്ടം നിർമ്മിക്കുന്നത്.

By newsten