Spread the love

ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) പാർട്ടിക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് കുമാർ ഗുപ്ത രാജിവെച്ചു. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 15 വർഷത്തെ കുത്തക അവസാനിപ്പിച്ച് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്തിരുന്നു.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൽഹി ബിജെപി അധ്യക്ഷൻ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ദേശീയ പ്രസിഡന്‍റിന് കൈമാറിയതായി ആദേശ് കുമാർ ഗുപ്ത പറഞ്ഞു. പുതിയ പ്രസിഡന്‍റിനെ കണ്ടെത്തുന്നതുവരെ വീരേന്ദ്ര സച്ച്ദേവയെ വർക്കിംഗ് പ്രസിഡന്‍റായി ബിജെപി നിയമിച്ചിട്ടുണ്ട്. 2020 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് ശേഷം മനോജ് തിവാരിക്ക് പകരമാണ് ആദേശ് ഗുപ്ത ബിജെപി അധ്യക്ഷനായത്.

മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ലയനത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) 134 സീറ്റുകൾ നേടി. കഴിഞ്ഞ 15 വർഷമായി മുനിസിപ്പൽ കോർപ്പറേഷനുകൾ ഭരിക്കുന്ന ബിജെപി 104 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ഒമ്പത് സീറ്റുകളാണ് ലഭിച്ചത്. ആകെ 250 വാർഡുകളാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.

By newsten