‘വണ്ടർ വുമൺ 3’ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. നിർമ്മാതാക്കളായ വാർണർ ബ്രദേഴ്‌സ് പിക്ചേഴ്സ് വണ്ടർ വുമൺ 3 പ്രോജക്റ്റ് ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. സംവിധായിക പാറ്റി ജെങ്കിൻസ് അടുത്തിടെ വണ്ടർ വുമൺ 3 യുടെ തിരക്കഥ പൂർത്തിയാക്കി നിർമ്മാതാക്കൾക്ക് കൈമാറിയിരുന്നു. ‘സൂയിസൈഡ് സ്ക്വാഡി’ന്‍റെ തിരക്കഥാകൃത്തായ ജെഫ് ജോൺസിനൊപ്പമാണ് വണ്ടർ വുമൺ 3 യുടെ തിരക്കഥ പാറ്റി എഴുതിയത്.
എന്നാൽ വണ്ടർ വുമൺ 3 നിർമ്മിക്കുന്നതിൽ സ്റ്റുഡിയോയ്ക്ക് താൽപ്പര്യമില്ലെന്ന് തിരക്കഥ കണ്ട വാർണർ ബ്രദേഴ്‌സ് പിക്ചേഴ്സ് കോ-ചെയർമാരായ മൈക്കൽ ഡി ലൂക്കയും പമേല അബ്ദിയും പാറ്റിയോട് പറഞ്ഞെന്നാണ് വിവരം. സ്റ്റുഡിയോ ഒരു പുതിയ സിനിമാറ്റിക് യൂണിവേഴ്സ് വികസിപ്പിക്കുന്ന പ്രക്രിയയിലാണ്. അതുകൊണ്ട് വണ്ടർ വുമൺ 3 സിനിമ ഈ സീരീസിൽ കല്ലുകടിയാകും എന്ന് വാർണർ ബ്രദേഴ്സ് അഭിപ്രായപ്പെട്ടതായാണ് വിവരം.
ആമസോൺ രാജകുമാരിയും സൂപ്പർഹീറോയുമായ ഡയാനയെ വീണ്ടും അവതരിപ്പിക്കാനുള്ള ആവേശം ഗാൽ ഗാഡോട്ട് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വന്നത്.