Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് നിസ്സാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. സെപ്റ്റംബറിൽ 336 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി വൈറൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. ഇന്നലെ മാത്രം 12443 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 670 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ 8,452 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സെപ്റ്റംബർ ഒന്നിനും 30നും ഇടയിൽ 336 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും സ്ഥിതി കൂടുതൽ ഗുരുതരമാകുകയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് കേരളത്തിലാണു മാസങ്ങളായി രോഗബാധിതരുടെ എണ്ണം കൂടി നിൽക്കുന്നത്. പരിശോധനകളുടെ എണ്ണം വളരെക്കുറവായതിനാല്‍ യഥാര്‍ഥ സ്ഥിതി വ്യക്തമാകുന്നില്ല. മഹാവ്യാധി അവസാനിച്ചിട്ടില്ലെന്നും മാസ്കും സാമൂഹിക അകലവും പരമാവധി പാലിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

By newsten