തിരുവനന്തപുരം: ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്. ഹെപ്പറ്റൈറ്റിസ് രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് ഊർജിതമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 2030 ഓടെ ഹെപ്പറ്റൈറ്റിസ്-സി ഇല്ലാതാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യത്തോടെ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലബോറട്ടറികളുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും രോഗനിർണയത്തിനുള്ള റാപ്പിഡ് ടെസ്റ്റിംഗ് സൗകര്യം സൗജന്യമായി ലഭ്യമാണ്. രോഗം ബാധിച്ച അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയുന്നതിനായി പ്രസവ സൗകര്യങ്ങളുള്ള ആശുപത്രികളിൽ നവജാതശിശുവിനുള്ള ഹെപ്പറ്റൈറ്റിസ്-ബി ഇമ്മ്യൂണോഗ്ലോബുലിൻ ചികിത്സ ലഭ്യമാണ്. രോഗം പിടിപെടാൻ സാധ്യതയുള്ള ഏതെങ്കിലും സാഹചര്യത്തിൽ അണുബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടാൻ രക്തപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.