ദില്ലി: പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയായി അഞ്ചാംപനി വീണ്ടും രാജ്യത്ത് പടരുകയാണ്. മുംബൈയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 13 പേരാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. കൊവിഡ് കാലത്ത് വാക്സിനേഷൻ നിലച്ചതാണ് രോഗം വീണ്ടും വരാൻ കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
മീസിൽസ് വൈറസ് മൂലമാണ് അഞ്ചാംപനി ഉണ്ടാകുന്നത്. ഇത് വളരെ വ്യാപന ശേഷിയുള്ളതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം കൂടുതലും കുട്ടികളിലാണ് കാണപ്പെടുന്നത്. മുംബൈ, റാഞ്ചി, അഹമ്മദാബാദ് എന്നിവയ്ക്ക് പുറമെ കേരളത്തിലെ മലപ്പുറത്തും രോഗവ്യാപനം കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മുംബൈയിൽ മാത്രം 13 പേരാണ് മരിച്ചത്.
അഞ്ചാംപനിക്ക് ഒമ്പതാം മാസത്തിൽ ഒന്നാം ഡോസ് വാക്സിനും, പതിനെട്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ ഡോസുമാണ് നിലവിൽ നൽകുന്നത്. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ ഒമ്പത് മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കുട്ടികൾക്ക് മൂന്നാമതൊരു അധിക ഡോസ് വാക്സിൻ കൂടി നൽകാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.