കൊച്ചി: ഗിനിയയിൽ തടവിലായ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു. ഇവരെ ലൂബ തുറമുഖത്ത് എത്തിച്ചു. ഇവിടെ നിന്ന് യുദ്ധക്കപ്പലിൽ നൈജീരിയയിലേക്ക് കടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നൈജീരിയയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നാണ് മലയാളികൾ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ഫോൺ എല്ലാം പിടിച്ചുവച്ചിരുന്നു. ഏത് നിമിഷവും തങ്ങളെ വീണ്ടും തടങ്കലിലാക്കുമെന്നാണ് ഇവർ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ഒരു ശ്രീലങ്കൻ പൗരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
ഉടൻ നൈജീരിയയ്ക്ക് കൈമാറില്ലെന്ന് അറിയിച്ച് നാവികരെ മലാബോയിലേക്ക് തിരികെ കൊണ്ട് വന്നിരുന്നു. എന്നാൽ, ഇവരെ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ ലൂബയിൽ എത്തിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരാണ് പിടിയിലായത്. നോർവെ ആസ്ഥാനമായുള്ള ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരാണ് ഇവർ. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് നൈജീരിയൻ സൈന്യത്തിന്റെ നിർദ്ദേശപ്രകാരം ഗിനി നാവിക സേനയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.