ന്യൂഡൽഹി: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന ഒരാൾക്ക് കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങൾ കണ്ട പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
പ്രത്യേക ആശുപത്രി സൗകര്യം ഒരുക്കണമെന്നും രോഗത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും അവബോധം സൃഷ്ടിക്കണമെന്നും നിർദ്ദേശമുണ്ട്. സംശയിക്കപ്പെടുന്ന എല്ലാവരെയും പരിശോധനകളും മറ്റും നടത്തി രോഗം പൂർണ്ണമായും ഭേദമാകുന്നതുവരെ രോഗിയെ ഐസൊലേഷനിൽ പാർപ്പിക്കുകയും വേണം. തുടർച്ചയായ നിരീക്ഷണവും സമയബന്ധിതമായ ചികിത്സയും മരണനിരക്ക് തടയുമെന്നും കത്തിൽ പറയുന്നു.
ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കത്തിൽ ഉണ്ട്. മൂന്ന് ദിവസം മുമ്പ് യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ വ്യക്തിയിലാണ് രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.