പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കൂടുമ്പോൾ കൊവിഡ് മുൻകരുതൽ വാക്സിൻ ലഭിച്ചവർ 19% മാത്രം. ഒന്നും രണ്ടും ഡോസുകൾ എടുക്കാൻ കാണിച്ച താത്പര്യം മുൻകരുതൽ കുത്തിവയ്പ്പിൻ്റെ കാര്യത്തിൽ ആരും കാണിക്കുന്നില്ലെന്നതിന്റെ സൂചനയാണിത്. മുൻകരുതൽ ഡോസുകളുടെ ലഭ്യതക്കുറവും ഇതിന് കാരണമാണ്.
കൊവിഡിന്റെ ഒന്നും രണ്ടും ഡോസുകൾ പോലെ, മുൻകരുതൽ ഡോസ് എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തുന്നില്ല. സർക്കാർ ആശുപത്രികളിൽ 60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണിപ്പോരാളികൾക്കും സൗജന്യമായാണ് മുൻകരുതൽ ഡോസ് നൽകുന്നത്. ഇതിനു പുറമെ സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്സിൻ നൽകുന്നുണ്ട്. മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർ നിശ്ചിത തുക അടച്ച് സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിനേഷൻ എടുക്കണം.
പണം നൽകി വാക്സിൻ എടുക്കാൻ ഭൂരിഭാഗം ആളുകൾക്കും താൽപ്പര്യമില്ല. നിലവിൽ കൊവിഡ് മുൻകരുതലുകൾ സ്വീകരിച്ചവരിൽ ഭൂരിഭാഗവും വിദേശത്തേക്ക് പോകേണ്ടവരാണ്. മുൻകരുതൽ കുത്തിവയ്പ്പുകൾ നൽകുന്നതിൽ അധികൃതർ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്നും ആരോപണമുണ്ട്.