ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധി നേരിടുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകൾ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെയും ചെറുപ്പക്കാരുടെയും എണ്ണം വളരെ കൂടുതലാണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വലിയൊരു ശതമാനം ആളുകൾക്ക് മതിയായ ചികിത്സയോ സഹായമോ ലഭിക്കുന്നില്ല. മാനസിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ പലർക്കും അപ്രാപ്യമോ താങ്ങാനാകാത്തതോ ആണ്. ഇത് വരും ദിവസങ്ങളിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
മാനസിക വെല്ലുവിളി നേരിടുന്നവർ വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് എളുപ്പത്തിൽ ഇരകളാകുമെന്നും ഗുട്ടെറസ് പറഞ്ഞു. പലർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ മാറിത്താമസിക്കേണ്ടി വന്നേക്കാം. ഇത് സാമ്പത്തിക രംഗത്ത് ഒരു വലിയ പ്രതിസന്ധിയും സൃഷ്ടിച്ചേക്കാം. കോവിഡ് -19 മഹാമാരി മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമായതായി റിപ്പോർട്ടിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.