എ.കെ.ജി സെന്ററിന് നേരെ ബോംബേറ് നടത്തിയത് യു.ഡി.എഫാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് അറിയാമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കോൺഗ്രസിൻ്റെ അക്രമ സംഭവങ്ങളും കോണ്‍ഗ്രസിനെക്കുറിച്ചുള്ള അടിസ്ഥാന അറിവും വിലയിരുത്തിയാൽ ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമാകുമെന്നും ജയരാജൻ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവർത്തകരാണ് എകെജി സെന്ററിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിന് നേരെ ഒരു ആക്രമണം ഉണ്ടാകുമ്പോൾ, ധാരാളം പൊതുവികാരം ഉണ്ടാകും. അതിനാൽ ഞങ്ങൾ അതീവ ജാഗ്രതയിലാണ്. നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ എല്ലാം സഹിച്ചു പ്രവർത്തിക്കുകയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ശക്തമായി അപലപിച്ചു. 29 വിദ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിച്ചപ്പോൾ കോൺഗ്രസ് അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. അതാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസം. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളെ ആരും സംശയിക്കില്ലെന്ന് കോൺഗ്രസ് കരുതാനും സാധ്യതയുണ്ട്. ഇ പി ജയരാജൻ പറഞ്ഞു.
മഹാനായ എ.കെ.ജിയും അദ്ദേഹത്തിന്റെ പേരിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും മുഴുവൻ ജനങ്ങളും ഹൃദയത്തോട് ചേർത്തുനിർത്തുന്ന വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.