തിരുവനന്തപുരം: വിമോചന സമര വിഷയത്തിൽ പുനർവിചിന്തനത്തിന് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒന്നാം ഇ.എം.എസ് സർക്കാർ പിരിച്ചുവിട്ടതിന്‍റെ വാർഷികത്തിൽ സി.പി.എമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എ ബേബിയുടെ ചോദ്യം.
എല്ലാ പിന്തിരിപ്പൻ, വർഗീയ, ജനാധിപത്യ വിരുദ്ധ ശക്തികളെയും അണിനിരത്തി രണ്ടാം വിമോചന സമരത്തിനായി ബി.ജെ.പിയുമായി കൈകോർക്കുന്ന കോൺഗ്രസ് ചരിത്രത്തിൽ നിന്ന് കൂടുതൽ ഒന്നും പഠിക്കില്ലെന്ന് കരുതണോ എന്നും അദ്ദേഹം കുറിപ്പിൽ ചോദിച്ചു.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിട്ടതിന്‍റെ 63-ാം വാർഷികമാണ് ഇന്ന്. 1959 ജൂലൈ 31-ന് വിമോചനസമരം എന്ന കുപ്രസിദ്ധമായ അക്രമാസക്തമായ സമരത്തെത്തുടർന്ന് സഖാവ് ഇ.എം.എസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ നെഹ്റു സർക്കാർ പിരിച്ചുവിട്ടു. കേരള സമൂഹത്തെ ഇത്രയധികം പിന്നോട്ടടിച്ച മറ്റൊരു സംഭവമില്ല. എംഎ ബേബി കുറിച്ചു.