Spread the love

തിരുവനന്തപുരം: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വൈകുന്നുവെന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഇടപെടൽ. ഇക്കാര്യം പരിശോധിക്കാൻ പത്തനംതിട്ട ഡിഎംഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒ.പി കൃത്യസമയത്ത് ആരംഭിക്കണമെന്നും ഒരു കാരണവശാലും ഒ.പി എവിടെയും വൈകിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

രാവിലെ 8 മണിക്ക് ആശുപത്രിയിൽ എത്തുന്നതിന് പകരം 9.30ന് ഒപി സമയം ആരംഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ ടോക്കൺ എടുക്കാൻ കാത്തുനിൽക്കുന്ന സാഹചര്യത്തിൽ ഒ.പി കൃത്യസമയത്ത് നടക്കണം. അതിൽ ഒരു മാറ്റവും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ഇൻപേഷ്യന്റിനെ കാണുന്നത് പോലുള്ള ഡ്യൂട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശുപത്രിയിൽ തന്നെ മറ്റുസ്ഥലങ്ങളിൽ ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഒപി സമയം 8 മണിക്ക് പകരം 9.30ന് ആരംഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തിൽ സർക്കാരിന് കർശന നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.

By newsten