അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഔദ്യോഗിക ഉത്‌ഘാടന ചടങ്ങിന് ശേഷം രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം മെഡൽ വേട്ട ആരംഭിച്ചത്. റോളർ സ്കേറ്റിംഗിൽ കേരളം രണ്ട് സ്വർണ്ണ മെഡലുകൾ നേടി. ലോക ജൂനിയർ ചാമ്പ്യൻ അഭിജിത് രാജൻ, ദേശീയ ചാമ്പ്യൻ വിദ്യാ ദാസ് എന്നിവർ സ്വർണം നേടി.
ആർട്ടിസ്റ്റിക് സിംഗിൾ ഫ്രീ സ്കേറ്റിംഗിൽ ആലുവ എം.ഇ.എസ് 146.9 പോയിന്‍റ് നേടി. കോളേജിലെ മൂന്നാം വർഷ B.Com വിദ്യാർത്ഥിയായ അഭിജിത്തിനാണ് സ്വർണം ലഭിച്ചത്. തിരുവനന്തപുരം വെങ്ങാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വിദ്യയാണ് സ്കേറ്റ് ബോർഡിംഗ് പാർക്കിൽ സ്വർണം നേടിയത്. സ്കേറ്റ്ബോർഡ് പാർക്കിൽ കേരളം ഒരു വെങ്കല മെഡൽ കൂടി നേടി. വിനീഷിന്‍റെ വകയായിരുന്നു അത്.
അത്ലറ്റിക്സിൽ നിന്നാണ് വെള്ളി മെഡൽ ലഭിച്ചത്. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ അരുൺ എബി വെള്ളി മെഡൽ നേടി. സർവീസസ് ടീമിൽ ഇടം നേടാൻ കഴിയാതെ അവസാന നിമിഷം കേരളത്തിന്റെ കുപ്പായമണിഞ്ഞ അരുൺ 16.08 മീറ്റർ ചാടി വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഖിൽ കുമാറിന് നാലാം ചാട്ടത്തിനിടെ പരിക്കേറ്റതാണ് കേരളത്തിന് തിരിച്ചടിയായത്.
ഫെൻസിംഗിൽ കേരളം ആദ്യ മെഡൽ നേടി. വനിതാ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി. സെമിഫൈനലിൽ ഫെൻസിങ്ങിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പ്യൻ ഭവാനി ദേവിയോടാണ് ജോസ്ന പരാജയപ്പെട്ടത്. സ്കോർ: 5-15.