തിരുവനന്തപുരം: കേരളത്തിൽ രണ്ട് തരത്തിലുള്ള നീതിയാണ് പോലീസ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെതിരെ നിയമമുണ്ടെങ്കിലും കോൺഗ്രസ് ഓഫിസുകൾ തകർത്തവർക്കെതിരെ ഒരു കേസ് പോലും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് കേരളത്തിൽ സി.പി.എം കലാപം നടത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വി.ഡി സതീശന്റെ പ്രസ്താവന,
“പൂന്തുറ എസ്.ഐയെ തലയ്ക്കടിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസില്ല. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോൺഗ്രസിൻറെ മൂന്ന് ഓഫീസുകൾ ബോംബിട്ട് തകർക്കുകയും നാല് ഓഫീസുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു, മറ്റ് 2 ഓഫീസുകൾ അടിച്ചു തകർത്തു. സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെതിരെ നിയമമുണ്ടെങ്കിലും ഒരു കേസ് പോലും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. സി.പി.എം ഓഫീസ് തകർത്താൽ പൊലീസ് കേസെടുക്കുമല്ലോ? തൊടുപുഴയിലെ ഒരു കോൺഗ്രസ് പ്രവർത്തകൻ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറിൻറെ രണ്ട് കാലുകളും തല്ലി ഓടിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടായിട്ടും ജാമ്യമില്ലാ കേസ് എടുത്താണ് സി.പി.എം കുറ്റവാളികളെ മോചിപ്പിക്കുന്നത്.
മുഖ്യമന്ത്രി എത്തിയ കുഴിയിൽ നിന്ന് രക്ഷിക്കാൻ കേരളത്തിൽ സി.പി.എം കലാപം നടത്തുകയാണ്. പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തല സി.പി.എം വെട്ടിമാറ്റിയപ്പോഴും കെ.പി.സി.സി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോഴും ക്രിമിനലുകളെ പ്രതിപക്ഷ നേതാവിൻറെ വസതിയിലേക്ക് പറഞ്ഞയച്ചപ്പോഴും ഒരു സാംസ്കാരിക നേതാവിനെയും കണ്ടില്ല. അവർ ഇപ്പോൾ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയാണ്. സര്‍ക്കാരിന്റെ ഔദാര്യം കൈപ്പറ്റി അതില്‍ ജീവിക്കുന്ന സാംസ്‌കാരിക നായകരാണ് ‘മുഖ്യമന്ത്രിക്കൊപ്പം’ എന്ന പരിപാടി നടത്തുന്നത്.”