വാക്സിൻ വിതരണത്തിൽ യു.എ.ഇക്ക് നേട്ടം. വാക്സിന്റെ രണ്ട് ഡോസുകളും അർഹരായ 100 ശതമാനം ആളുകളിലേക്കും എത്തിയതായി ദേശീയ എമർജൻസി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി (എൻഡിഎംഎ) അറിയിച്ചു. 2020 ഡിസംബർ മുതലാണ് യുഎഇ രാജ്യത്തെ അർഹരായ ആളുകൾക്ക് കോവിഡ് വാക്സിൻ എത്തിച്ചുതുടങ്ങിയത്.
കോവിഡ്-19 നെതിരായ പോരാട്ടത്തിൽ യു.എ.ഇ ഒരിക്കൽ കൂടി ലോകത്തിന് അഭിമാനമായി. സ്വദേശികൾക്കും വിദേശികൾക്കും പൂർണ്ണമായും സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്തത്. മുന്നിര പോരാളികൾ, സന്നദ്ധപ്രവർത്തകർ, വാക്സിന്റെ പ്രത്യേകതകൾ അനുസരിച്ച് വ്യത്യസ്ത പ്രായത്തിലുള്ളവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ, പ്രായമായവർ തുടങ്ങി വാക്സിനേഷന് അർഹതയുള്ള എല്ലാവർക്കും വാക്സിനേഷൻ ലഭ്യമാക്കിക്കൊണ്ട് രോഗപ്രതിരോധ ശേഷി ഉറപ്പാക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ യു.എ.ഇ.ക്ക് കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
വാക്സിനേഷനിലൂടെ കൊവിഡ് കേസുകൾ കുറയുകയും കൊവിഡ് വ്യാപനം കുറയ്ക്കുകയും ചെയ്തു. കൊവിഡിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണിതെന്ന് അധികൃതർ പറഞ്ഞു.