ബ്രിട്ടൻ : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികത്തോടനുബന്ധിച്ച് യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി 75 സ്കോളർഷിപ്പ് പദ്ധതികൾ പ്രഖ്യാപിച്ച് ബ്രിട്ടൻ. സെപ്റ്റംബർ മുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വഴി യുകെയിൽ പഠിക്കുന്നതിന് പൂർണ്ണ സാമ്പത്തിക സഹായം നൽകും.
ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിനായി യുകെ ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്കോളർഷിപ്പാണിത്. എച്ച്എസ്ബിസി, പിയേഴ്സൺ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റ സൺസ്, ഡുവോലിംഗോ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയിലാണ് പദ്ധതി.
ഏതെങ്കിലും അംഗീകൃത ബ്രിട്ടീഷ് സർവകലാശാലയിൽ നിന്ന് ഇഷ്ടമുള്ള വിഷയത്തിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാം പഠിക്കാൻ വാഗ്ദാനം ചെയ്യുന്ന സ്കോളർഷിപ്പ് ഇതിൽ ഉൾപ്പെടുന്നു. 75 സ്കോളർഷിപ്പുകളിൽ എച്ച്എസ്ബിസി ഇന്ത്യ 15 സ്കോളർഷിപ്പുകളും പിയേഴ്സൺ ഇന്ത്യ രണ്ട് സ്കോളർഷിപ്പുകളും ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സൺസ്, ഡുവോലിംഗോ എന്നിവ ഓരോന്നും സ്പോൺസർ ചെയ്യും.