Spread the love

ഭോപാല്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് കനോജയെയാണ് സസ്പെൻഡ് ചെയ്തത്. നവംബർ 25ന് സസ്പെൻഡ് ചെയ്തെങ്കിലും സസ്പെൻഷൻ ഉത്തരവ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വാർത്ത പുറത്തറിയുന്നത്.

ബി.ജെ.പി സർക്കാരിന്റെ കീഴിൽ ആദിവാസികാര്യ വകുപ്പ് നടത്തുന്ന സ്കൂളിലാണ് കനോജെ അധ്യാപകനായിരുന്നത്. നവംബർ 24ന്, തനിക്ക് ഒരു പ്രധാന ജോലിയുണ്ടെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് അവധിയെടുത്ത അദ്ദേഹം അതേ ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നാലെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുതെന്ന മാർഗനിർദേശങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ലംഘിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ നൽകിയതെന്നാണ് ആദിവാസികാര്യ വകുപ്പിന്‍റെ വിശദീകരണം.

നവംബർ 23നാണ് രാഹുൽ ഗാന്ധി കശ്മീർ മുതൽ കന്യാകുമാരി വരെ 3,750 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയത്. രാജ്യത്തുടനീളം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 150 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്.

By newsten