Spread the love

ന്യൂ ഡൽഹി: പാര്‍ലമെന്റിലെ തന്റെ സസ്‌പെന്‍ഷനിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപന. ഈ ഫാസിസ്റ്റ് യുഗത്തിൽ ഈ സസ്പെൻഷൻ ആത്മാഭിമാനത്തിന്‍റെ മെഡലാണെന്ന് പ്രതാപന്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ വാക്കുകൾ പാർലമെന്‍ററി വിരുദ്ധമാക്കിയും പ്രതിഷേധത്തെ തന്നെ ഇല്ലാതാക്കിയും രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്നും പ്രതാപൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതാപന്‍റെ പ്രതികരണം.

വിലക്കയറ്റം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ പോലും ധൈര്യമില്ലാത്ത തരത്തിൽ സർക്കാരിന് സാമ്പത്തിക മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അദാനി ലോകത്തിലെ ഏറ്റവും ധനികനാകുമ്പോൾ, വിശക്കുന്ന ആളുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ നമ്മുടെ രാജ്യം ഇറങ്ങുകയാണെന്നും പ്രതാപൻ പറഞ്ഞു.

‘നീതിക്ക് വേണ്ടി നിലകൊണ്ടതിന് ഇത് നാലാം തവണയാണ് അവർ എന്നെ സസ്പെൻഡ് ചെയ്യുന്നത്. ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ, ഈ സസ്പെൻഷൻ എന്നെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനത്തിന്‍റെ പതക്കമാണ്. നീതിക്ക് വേണ്ടി നിലകൊള്ളാനാണ് ആളുകൾ എന്നെ അയച്ചത്. ഞാൻ അത് ചെയ്യും. പേടിക്കില്ല; പോരാട്ടത്തിന് അവധിയുമില്ല’ ടി.എൻ പ്രതാപൻ വ്യക്തമാക്കി.

By newsten