കോട്ടയം: ബിഷപ്പുമാരെ കണ്ടതിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ശശി തരൂർ. അവർ ക്ഷണിക്കുന്നു, താൻ പോകുന്നു, അത്രമാത്രമെന്നും തരൂർ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് തന്റെ സന്ദർശനങ്ങൾ വിവാദമായതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ളവർ വന്ന് പ്രസംഗം കേൾക്കട്ടെ. പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ഡി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പത്തനംതിട്ടയിലെ തരൂരിന്റെ പരിപാടിയെക്കുറിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്ന് നേതൃത്വം പറഞ്ഞു. ബോധിഗ്രാം എന്ന സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ശശി തരൂർ പങ്കെടുക്കുന്നത്. പരിപാടി നാളെ അടൂരിൽ നടക്കും. പരിപാടിയുടെ സംഘാടകർ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഡി.സി.സി പ്രസിഡന്റ് പങ്കെടുക്കില്ല. ജില്ലാ നേതൃത്വത്തെ അറിയിക്കാതെയുള്ള തരൂരിന്റെ സന്ദർശനത്തിൽ ഐ ഗ്രൂപ്പിന് എതിർപ്പുണ്ടെങ്കിലും നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ബോധിഗ്രാം ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന് സംഘാടകർ വ്യക്തമാക്കി.