കോഴിക്കോട്: പാർട്ടിയിൽ തനിക്ക് വിലക്കില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. കോഴിക്കോട് തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെത്തുടർന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് സാങ്കേതിക കാരണത്താലാണെന്നും തരൂർ പറഞ്ഞു. ആരെയും ഭയമില്ല, ഭയപ്പെടുത്തേണ്ടതില്ലെന്നും പാർട്ടിയിൽ ശത്രുക്കളില്ലെന്നും തരൂർ പ്രതികരിച്ചു.
സംഘപരിവാറും, മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ഞായറാഴ്ച നടത്താനിരുന്ന സെമിനാർ പാർട്ടി ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ മൂലം മാറ്റിയിരുന്നു. ശശി തരൂർ ഈ പരിപാടിയിൽ പങ്കെടുക്കുന്നു എന്നതാണ് കാരണമെന്നാണ് സൂചന. അതേസമയം സെമിനാർ നിശ്ചയിച്ച ദിവസം തന്നെ കോഴിക്കോട് നടത്തും. യൂത്ത് കോൺഗ്രസ് പിൻവാങ്ങിയതോടെ പരിപാടിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ ജവഹർ ഫൗണ്ടേഷൻ രംഗത്ത് വന്നതോടെയാണിത്.