തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 2018 ൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ നടപ്പാക്കും. നികുതിദായക സേവനം, ഓഡിറ്റ്, ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടാകും. സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ നികുതി ചുമത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോ, ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ചില്ലറ വിൽപ്പന നടത്തുന്ന സാധനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടിയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് കടകളിൽ നേരിട്ട് പരിശോധന നടത്തിയെന്നും ജീവനക്കാർ ബില്ലുകൾ കാണിച്ചെന്നും മന്ത്രി പറഞ്ഞു. ചെറുകിട സംരംഭകരെ ജിഎസ്ടിയുടെ അധിക ഭാരത്തിൽ നിന്ന് ഒഴിവാക്കുമെന്നും നിയമപ്രശ്നങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി കൂടി പരിശോധിച്ചാൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജിഎസ്.ടി കൗൺസിലുമായി വിഷയം കൂടുതൽ ചർച്ച ചെയ്യും. ജിഎസ്ടി നടപ്പാക്കില്ലെന്ന് പറയുന്നതിൽ പ്രായോഗിക പ്രശ്നങ്ങളില്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. സാധാരണ കടകളിൽ ജിഎസ്ടിയുടെ പേരിൽ വില വർദ്ധിപ്പിച്ചാൽ ജനങ്ങൾക്ക് പരാതിപ്പെടാം. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള കടകൾ ജിഎസ്ടി ചുമത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാമെന്നും മന്ത്രി പറഞ്ഞു.