Spread the love

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ മണിച്ചന്‍റെ ജയിൽ മോചനത്തിനായി 30.45 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചു. തുക കെട്ടിവയ്ക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണിത്.

മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മണിച്ചനെ മോചിപ്പിക്കാനുള്ള ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഒപ്പുവെച്ചു. കേസിലെ ഏഴാം പ്രതി മണിച്ചന് ജീവപര്യന്തം തടവും 30.45 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ജീവപര്യന്തം ശിക്ഷ കുറച്ചെങ്കിലും പിഴ ഒഴിവാക്കിയിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

പിഴത്തുക കെട്ടിവച്ചാൽ മാത്രമേ വിട്ടയക്കാനാകൂവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ മണിച്ചന്‍റെ ജയിൽ മോചനം അനിശ്ചിതമായി വൈകുകയാണെന്ന് ആരോപിച്ച് മണിച്ചന്‍റെ ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

By newsten