തിരുവനന്തപുരം: 2022 ലെ മൺസൂൺ കലണ്ടർ അവസാനിച്ചപ്പോൾ രാജ്യത്തെ മൺസൂൺ 6% കൂടുതൽ. ഈ വർഷം രാജ്യത്ത് ശരാശരി 925 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ദാമൻ ദിയുവിൽ 3148 മില്ലിമീറ്റർ മഴ ലഭിച്ചു. ഗോവ (2763.6 മില്ലിമീറ്റർ), മേഘാലയ (2477.2 മില്ലിമീറ്റർ), സിക്കിം (2000 മില്ലിമീറ്റർ), കേരളം (1736.6 മില്ലിമീറ്റർ) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
ആകെയുള്ള 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ, 30 ലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചു. മണിപ്പൂർ, മിസോറാം, ത്രിപുര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ് 20% മഴക്കുറവുള്ളത്.
കേരളത്തിൽ ഈ വർഷം 14 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ കേരളത്തിൽ 1736.6 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6മില്ലിമീറ്ററാണ്. കാസർഗോഡ് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 2785.7 മില്ലിമീറ്റർ. 2334.5 മില്ലിമീറ്റർ കണ്ണൂരിലും 593 മില്ലിമീറ്റർ തിരുവനന്തപുരത്തും കൊല്ലത്ത് 999.1 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. തിരുവനന്തപുരം (30%), ആലപ്പുഴ (29%), കൊല്ലം (21%) കുറവ് മഴയാണ് ഇത്തവണ റെക്കോർഡ് ചെയ്തത്.