തിരുവനന്തപുരം: രോഗിയെ ആംബുലൻസിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രോഗിയുടെ അവസ്ഥ, അപകട വിവരം, ആംബുലൻസിന്‍റെ വരവ്, ആശുപത്രിയില്‍ രോഗി എത്തുന്ന സമയം എന്നിവ ലഭ്യമാകുന്ന തരത്തിൽ 108 ആംബുലൻസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തി.
ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറക്കലും വിവരങ്ങള്‍ തത്സമയം അറിയിക്കലും ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം. പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രത്യേക മോണിറ്ററുകൾ സ്ഥാപിക്കും. ഇതിലൂടെ ആശുപത്രിയിലുള്ളവര്‍ക്ക് അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്താനും എത്രയും വേഗം ചികിത്സ ലഭ്യമാക്കാനും കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
കനിവ് 108 ആംബുലൻസിൽ വിളിക്കുന്ന ആളിന്‍റെ സ്ഥാനം തിരിച്ചറിയാനും സൗകര്യം ഒരുക്കും. 108 ൽ വിളിക്കുമ്പോൾ, വിളിക്കുന്നയാളുടെ ഫോണിൽ ഒരു സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ ക്ലിക്കുചെയ്യുന്നതിലൂടെ, അപകടം നടന്ന സ്ഥലത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ കൺട്രോൾ റൂമിന് ലഭിക്കും. ഈ വിവരത്തോടെ, ആ സ്ഥലത്തിനടുത്തുള്ള ഒരു ആംബുലൻസിന് അപകടസ്ഥലത്ത് വേഗത്തിൽ എത്താൻ കഴിയും.