തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സന്ദർശനം എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ കേന്ദ്രമന്ത്രിമാർക്ക് രാജ്യത്ത് എവിടെയും പോകാം. വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ല വിദേശകാര്യമന്ത്രിയെന്നും അത്തരമൊരു ധാരണ മുഖ്യമന്ത്രി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴക്കൂട്ടം ഫ്ലൈഓവർ സന്ദർശിച്ച കേന്ദ്രമന്ത്രി ജയശങ്കറിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ മേൽപ്പാലം നോക്കാൻ വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം തിരുവനന്തപുരത്താണ്. നരേന്ദ്ര മോദി സർക്കാരിന്റെ എട്ട് വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണിത്.