കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരത്തോടെ കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് ആശുപത്രി വരിക. എന്നാൽ അതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ താത്കാലിക സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്.
രാജ്യത്തെ ആദ്യത്തെ സർക്കാരിന് കീഴിലുള്ള അവയവ മാറ്റ ആശുപത്രിയാകും ചേവായൂരില്‍ ഒരുങ്ങുക. കഴിഞ്ഞ ജൂലൈയിലാണ് ഇതിൽ ധാരണയായത്. പോണ്ടിച്ചേരിയിലെ ജിപ്മർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ പ്രൊഫസറായ ഡോ. ബിജു പൊറ്റെക്കാട്ടിനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം കൂടുതൽ ചർച്ചകൾ നടത്തി ഉടൻ തുടർ നടപടികളിലേക്ക് കടക്കും.
500 കോടി രൂപ ചെലവിൽ 20 ഏക്കർ സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്. യുഎസിലെ മയാമി ട്രാൻസ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ ഉയർന്ന നിലവാരമുള്ള ആധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാവുക.