Spread the love

ഡൽഹി: രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി കോണ്‍ഗ്രസിനെ തകർക്കുക എന്ന ബി.ജെ.പി-സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണ്. മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ എന്ത് വിലകൊടുത്തും കോണ്‍ഗ്രസ് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ അഞ്ച് ദിവസത്തിനിടെ 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ നീണ്ടു. രാത്രി 11.30 ഓടെയാണ് രാഹുൽ ഗാന്ധി ഇഡി ഓഫീസിൽ നിന്ന് മടങ്ങിയത്.

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യംഗ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കൊൽക്കത്ത ആസ്ഥാനമായുള്ള ഡോട്ടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായുള്ള യംഗ് ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും ഇഡി രാഹുലിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

By newsten