ന്യൂഡല്‍ഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ തുടർനടപടികളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. പള്ളി ഭൂമി ഏറ്റെടുക്കാൻ സർക്കാരിനു നിർദ്ദേശം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർനടപടികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷി കേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സഭാ ഭൂമിയിടപാട് കേസിൽ വിചാരണ നേരിടാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നിർദ്ദേശം നൽകിയ ഉത്തരവിലാണ് സഭകളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. പള്ളി ഭൂമി പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ സെക്ഷൻ 92 ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സി യു സിംഗും അഡ്വക്കേറ്റ് റോമി ചാക്കോയും ഹാജരായി.
ഹൈക്കോടതി പുറപ്പെടുവിച്ച തുടർ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്നും ഇരുവരും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അടുത്ത വർഷം മെയ് മാസത്തിൽ ഹൈക്കോടതി ഈ ഹർജികൾ പരിഗണിക്കുമെന്നും അതിനുമുമ്പ് ഈ ഹർജികളിൽ സുപ്രീം കോടതി തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.