Spread the love

പാലക്കാട്: നായയുടെ കടിയേറ്റ മുറിവിന്റെ ആഴം കൂടിയതിനാലാകാം മങ്കരയിലെ പെൺകുട്ടിക്ക് പേവിഷബാധയേറ്റതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. ശ്രീലക്ഷ്മിക്ക് വാക്സിൻ നൽകുന്നതിൽ തെറ്റ് പറ്റിയിട്ടില്ല. ഗുണമേന്മയുള്ള വാക്സിൻ ആണ് നൽകിയതെന്ന് ഡിഎംഒ കെ.പി. റീത്ത വ്യക്തമാക്കി.

മെയ് 30 നാണ് ശ്രീലക്ഷ്മിയുടെ ഇടതുകൈയിലെ വിരലുകളിൽ വളർത്തു നായ കടിച്ചത്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിച്ചു. പരിക്കേറ്റതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സെറം കുത്തിവച്ചു. തുടർന്ന് മൂന്ന് ഡോസ് വാക്സിൻ കൂടി എടുത്തു. ഇതിൽ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ഒരെണ്ണം സ്വകാര്യ ആശുപത്രിയിൽ നിന്നും എടുത്തതാണ്. ജൂൺ 27 ഓടെ എല്ലാ വാക്സിനുകളും ലഭിച്ചെങ്കിലും അടുത്ത ദിവസമാണ് പനി ആരംഭിച്ചത്. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. സംഭവത്തെ തുടർന്ന് ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം നടത്താൻ രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീം വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു. ശ്രീലക്ഷ്മിക്ക് നൽകിയ ചികിത്സയുടെ വിശദാംശങ്ങൾ യോഗം അവലോകനം ചെയ്തു. കടിച്ച നായയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അതേ നായ ഉടമയെയും കടിച്ചു. വാക്സിൻ അവർക്ക് ഫലിച്ചിട്ടുണ്ട്. ഇതും വിശകലനം ചെയ്യും.

ആരോഗ്യ വകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു. രോഗിയുമായും കടിയേറ്റ നായയുമായും സമ്പർക്കം പുലർത്തിയവർക്ക് വാക്സിനേഷൻ നൽകും. ചികിത്സയ്ക്കിടെ നിസ്സാര പരിക്കേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്.

By newsten