തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ അത്യാഹിത വിഭാഗങ്ങളെ രോഗി സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ റാങ്കിലുള്ള മുതിർന്ന ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കാനും മന്ത്രി ജീവനക്കാർക്ക് നിർദ്ദേശം നൽകി. എല്ലാ മെഡിക്കൽ കോളേജുകളിലെയും സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
രോഗികളെ അനുഗമിക്കുന്നവരെ സഹായിക്കുന്നതിനായി രക്തം മുതലായ സാമ്പിളുകൾ ശേഖരിക്കുന്നതിന് അത്യാഹിത വിഭാഗത്തിൽ കളക്ഷൻ സെന്ററുകൾ സ്ഥാപിക്കും. രോഗികളുടെയും ഐസിയു വെന്റിലേറ്ററുകളുടെയും വിശദാംശങ്ങൾ അറിയാൻ കൺട്രോൾ യൂണിറ്റുകൾ സ്ഥാപിക്കും. ഹൃദ്രോഗങ്ങളുമായി വരുന്നവരുടെ അടിയന്തര ചികിത്സയ്ക്കായി ചെസ്റ്റ് പെയിന്‍ ക്ലിനിക്കുകൾ സ്ഥാപിക്കും. ചുരുങ്ങിയ കാലയളവിനുള്ളിൽ രോഗികൾക്ക് വേഗത്തിൽ വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അത്യാഹിത വിഭാഗത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനം നൽകും.
വൈദ്യശാസ്ത്രം, അക്കാദമിക്, ഗവേഷണം എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് തിരുവനന്തപുരത്തിന് പുറമെ ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി നടപ്പാക്കിയത്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്. മറ്റ് മെഡിക്കൽ കോളേജുകളിലെ പ്രഗത്ഭരായ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. അടുത്ത ഘട്ടമെന്ന നിലയിൽ കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ ഇത് നടപ്പാക്കും.