Spread the love

ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള അജയ് മാക്കൻ രാജിവെച്ചു. സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ ഉൾപ്പോരാണ് രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് സൂചന. രാജസ്ഥാനിൽ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇതേതുടർന്ന് രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുണ്ടായിരുന്ന മാക്കൻ പാർട്ടിക്കുള്ളിൽ അസ്വസ്ഥനായിരുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ പേര് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി അധ്യക്ഷനാകില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. കേന്ദ്രനേതൃത്വം ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് ഉറപ്പിക്കുന്ന സമയത്താണ് രാജസ്ഥാനിലെ എംഎൽഎമാർ രാജി ഭീഷണി മുഴക്കുകയും സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തത്.

രാജസ്ഥാനിൽ ഹൈക്കമാൻഡ് വിളിച്ചുചേർത്ത കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാർ പങ്കെടുക്കാതിരുന്നത് അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ ചൂണ്ടിക്കാണിച്ചിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിരീക്ഷകരായി നിലവിലെ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മാക്കനും എത്തിയപ്പോൾ എം.എൽ.എമാർ തിരിഞ്ഞുനോക്കിയില്ല. ഇവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാതിരുന്നതാണ് രാജി പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് ഉണ്ട്.

By newsten