ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ സൗജന്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയ്യാറാവണം. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ പാർലമെന്റിൽ പറഞ്ഞു.
പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിക്കുള്ള പണം അടിയന്തരമായി വേണമെന്ന് കേന്ദ്രം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അടുത്ത വർഷത്തെ സബ്സിഡിയിൽ നിന്ന് തുക തിരിച്ച് പിടിക്കാനുള്ള നിർദ്ദേശത്തിന് വഴങ്ങി പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. 205.81 കോടി രൂപയാണ് കേന്ദ്രത്തിന് നൽകാനുള്ളത്. 2018 ലെ പ്രളയകാലത്ത് 89,540 മെട്രിക് ടൺ അരിയാണ് എഫ്.സി.ഐ വഴി കേരളത്തിലേക്ക് വിതരണം ചെയ്തത്.
ബിൽ തുകയായ 205.81 കോടി രൂപ ഉടൻ അടയ്ക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. പ്രളയ ദുരിതാശ്വാസത്തിന് പണം ഈടാക്കരുതെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതായി അധികൃതർ പറഞ്ഞു. എന്നാൽ ഈ ആവശ്യം കേന്ദ്രം നിരസിക്കുകയായിരുന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ റിക്കവറി വേണ്ടിവരുമെന്ന് കാണിച്ച് ഗോയൽ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് പണം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.