Spread the love

ഡൽഹി : രാഹുൽ ഗാന്ധി തന്നെ പാർട്ടി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നിർദ്ദേശപ്രകാരം ജയ്പൂരിൽ ചേർന്ന യോഗത്തിലാണ് പാർട്ടി പ്രമേയം പാസാക്കിയത്. അശോക് ഗെഹ്ലോട്ടാണ് നിലവിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും സാധ്യതയുള്ള വ്യക്തി.

രാഹുൽ ഗാന്ധി തന്നെ പാർട്ടി അധ്യക്ഷനാകണമെന്ന ആവശ്യത്തിനിടെ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. പി.സി.സി പ്രസിഡന്‍റിനെയും എ.ഐ.സി.സി അംഗങ്ങളെയും നിയമിക്കാൻ അധികാരം പാർട്ടി അധ്യക്ഷനാ‌യിരിക്കുമെന്ന എന്ന കാര്യത്തിലും പ്രമേയം പാസാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിം​ഗ് കച്ചാരിയ യോഗത്തിന് ശേഷം പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് രണ്ടഭിപ്രായമില്ല. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാണ് പ്രമേയം അവതരിപ്പിക്കാൻ മുൻകൈയെടുത്തത്. കച്ചാരിയ പറഞ്ഞു. 
 
പിസിസി പ്രസിഡന്‍റുമാരെയും എഐസിസി അംഗങ്ങളെയും സോണിയാ ഗാന്ധി തന്നെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ കോൺഗ്രസ് സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.  ഈ മാസം 20ന് മുമ്പ് പ്രമേയം പാസാക്കാനാണ് ആലോചന. ദേശീയ നേതൃത്വത്തിന്‍റെ പുതിയ നിർദേശത്തോടെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്.  ഈ മാസം 24 മുതൽ 30 വരെയാണ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുക. ഒക്ടോബറിലാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

By newsten