Spread the love

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ആയി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. മുൻ സുപ്രീം കോടതി ജഡ്ജി എൽ നാഗേശ്വര റാവുവിന്‍റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉഷ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഒളിമ്പിക് താരവും അന്താരാഷ്ട്ര മെഡൽ ജേതാവുമായ 58 കാരിയായ ഉഷ 95 വർഷത്തെ ചരിത്രമുള്ള ഐഒഎയുടെ പ്രസിഡന്‍റാകുന്ന ആദ്യ സജീവ കായികതാരമാകും. ഇതുവരെ, രാഷ്ട്രീയ, ഭരണ മേഖലകളിലെ പ്രമുഖ വ്യക്തികളാണ് ഐഒഎ പ്രസിഡന്‍റുമാരായിട്ടുള്ളത്. 1938 മുതൽ 1960 വരെ ഐഒഎ പ്രസിഡന്‍റായിരുന്ന കിംഗ് യാദവീന്ദ്ര സിംഗ് മഹാരാജാവ് 1934 ൽ ഒരു ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചു എന്നതാണ് ഐഒഎ പ്രസിഡന്‍റുമാർക്കിടയിൽ ഇതുവരെയുള്ള ഒരേയൊരു കായിക ബന്ധം.