കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് കൊല്ലം പൊലീസ് ക്ലബിലേക്കും മാറ്റി. അബ്ദുൾ സത്താറിനെ എൻഐഎയ്ക്ക് കൈമാറും. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ ഒളിവിലാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കരുനാഗപ്പള്ളി ഓഫീസിൽ വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സുരക്ഷയോടെയാണ് പൊലീസ് എത്തിയത്. സത്താറുമായി സംസാരിച്ച ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എൻ ഐ എ കേസിലെ മൂന്നാം പ്രതിയാണ്. ഇയാളുടെ വീട്ടിലും എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, ആ സമയത്ത് ഇയാള്‍ വീട്ടിൽ ഉണ്ടായിരുന്നില്ല. എൻ.ഐ.എ ഉദ്യോഗസ്ഥർ ഉടൻ കൊല്ലം പൊലീസ് ക്ലബിലെത്തും.