ന്യൂഡൽഹി: രാജ്യത്തെ ഒന്നിപ്പിക്കുന്നതിലാണ് ജനങ്ങളുടെ ശ്രദ്ധ വരേണ്ടതെന്നും അല്ലാതെ വിഭജിക്കുന്ന വിഷയങ്ങളിലല്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ. സാൻഫ്രാൻസിസ്കോയിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു കാര്യം അംഗീകാരിക്കുന്നത് സമൂഹത്തിന്റെ ഏകീകരണത്തെ ശക്തിപ്പെടുത്തും. ഇത് സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു. നമ്മെ ഒന്നിപ്പിക്കുന്ന വിഷയങ്ങളിൽ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എന്തിനെയാണ് വിഭജിക്കുന്നത് എന്നതിലല്ല. ഈ 21-ാം നൂറ്റാണ്ടിൽ, മാനുഷികവും സാമൂഹികവുമായ ബന്ധങ്ങളെ വിലയിരുത്താൻ വെറുപ്പുളവാക്കുന്നതും സങ്കുചിതവുമായ വിഭജന പ്രശ്നങ്ങളെ നാം അനുവദിക്കരുത്. വിഭജനത്തിന് ഉപരിയായി മനുഷ്യരുടെ വികാസത്തിനാണ് ഊന്നൽ നൽകേണ്ടത്. കാര്യങ്ങൾ ഉൾക്കൊളളാതെ വരുമ്പോൾ, അത് അപകടത്തിലേക്കുള്ള ഒരു ക്ഷണമായി മാറുന്നു. നിങ്ങൾ ധനികനായിരിക്കാം. ആ സമ്പത്ത് ആസ്വദിക്കാൻ, നിങ്ങൾക്ക് ചുറ്റും സമാധാനം ഉണ്ടായിരിക്കണം. നിങ്ങളുടെ മാതാപിതാക്കൾ വെറുപ്പിൽ നിന്നും അക്രമത്തിൽ നിന്നും മുക്തമായ ഒരു സമൂഹത്തിൽ ജീവിക്കണം. ഇന്ത്യയും അമേരിക്കയും വൈവിധ്യമാർന്ന രാജ്യങ്ങളാണ്. ഈ വൈവിധ്യത്തെ ലോകത്തിൽ എല്ലായിടത്തും ബഹുമാനിക്കുകയും വിലമതിക്കുകയും വേണം.