തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയെന്ന ആരോപണം തികച്ചും അസംബന്ധമാണെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. രോഗിയുടെ അവസ്ഥയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് അവ ശരിയാക്കി രാത്രി 8 മണിക്ക് ശസ്ത്രക്രിയ നടത്താനാണ് പദ്ധതിയിട്ടിരുന്നത്. രണ്ടാം തവണയും ഡയാലിസിസ് നടത്തേണ്ടതിനാൽ ശസ്ത്രക്രിയയ്ക്ക് ഒരു മണിക്കൂർ മാത്രമാണ് വൈകിയത്. അതിൽ എന്തെങ്കിലും അശ്രദ്ധയുണ്ടായതായി വിദഗ്ധർ കരുതുന്നില്ലെന്നും കെജിഎംസിടിഎ പറഞ്ഞു.
രോഗിയുടെ അവസ്ഥയെപ്പറ്റിയും ശസ്ത്രക്രിയ സമയത്തും അതിനു ശേഷവും ഉണ്ടാകാൻ സാധ്യതയുള്ള മരണമടക്കമുള്ള അപകടസാധ്യതകള്‍ വിശദീകരിച്ച ശേഷമാണ് ഡോക്ടർമാർ ശസ്ത്രക്രിയയിലേക്ക് നീങ്ങിയത്. ഈ സാഹചര്യത്തിൽ സംഭവത്തിൽ കൃത്യമായ ശാസ്ത്രീയ അന്വേഷണം ഉണ്ടാകണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന വിജയകരമായ പോസ്റ്റ്മോർട്ടം അവയവ ദാന പരിപാടിയെ ദുർബലപ്പെടുത്താൻ നടന്ന സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കെജിഎംസിടിഎ യോഗം ചേർന്നിരുന്നു. വൃക്കയുമായി എത്തിയ ഡോക്ടർമാരുടെ കയ്യിൽ നിന്ന് വൃക്കകൾ അടങ്ങിയ പെട്ടി തട്ടിയെടുത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. അന്വേഷണം നടത്താതെ നടത്തിയ സസ്പെൻഷൻ എത്രയും വേഗം പിന്‍വലിച്ച് മുതിർന്ന ഡോക്ടർമാർക്ക് നീതി ലഭിക്കണമെന്നും അല്ലാത്തപക്ഷം തുടർച്ചയായ സമരത്തിലേക്ക് പോകേണ്ടി വരുമെന്നും കെ.ജി.എം.സി.ടി.എ പറഞ്ഞു.