ചെന്നൈ: പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു മാറിയതാണ് തകർച്ചയ്ക്ക് കാരണം. അഞ്ചര ടിഎംസി വെള്ളം ഇതിനകം ഒഴുകിപ്പോയെന്നാണ് കണക്ക്. നീരൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഷട്ടർ പുനഃസ്ഥാപിച്ച് ജലം ഒഴുകുന്നത് നിയന്ത്രിക്കാൻ കഴിയൂ. 10 ദിവസത്തിനുള്ളിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കുമെന്ന് ദുരൈ മുരുകൻ പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഡാമിന്റെ മൂന്ന് ഷട്ടറുകളിൽ ഒന്നാണ് തകരാറിലായത്. ഷട്ടറിൽ നിന്ന് വലിയ ശബ്ദം കേട്ടതായി നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് പറഞ്ഞത്. പരിശോധനയിൽ വെള്ളം അപകടകരമാം വിധം പുഴയിലേക്ക് ഒഴുകുന്നതായി ശ്രദ്ധയിൽ പെട്ടു.
ആദിവാസി മേഖലകളിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചതായി പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി ശശാങ്ക് അറിയിച്ചു. ഏകദേശം 20,000 ക്യുസെക്സ് വെള്ളമാണ് തുടർച്ചയായി പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഇതേതുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം പരമാവധി ജലനിരപ്പിലെത്തി. തൃശൂർ വൈൽഡ് ലൈഫ് വാർഡൻ, ചിറ്റൂർ തഹസിൽദാർ എന്നിവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി.