Spread the love

ന്യൂഡല്‍ഹി: ഏക വ്യക്തി നിയമത്തെക്കുറിച്ചുള്ള നിലപാടിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. പാർലമെന്‍റിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം പി, പി വി അബ്ദുൾ വഹാബിന്‍റെ വിമർശനം കോൺഗ്രസ് തള്ളി. ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാണെന്ന് വി.ഡി സതീശനും കെ.മുരളീധരനും പറഞ്ഞു. ഏക വ്യക്തി നിയമത്തിന്‍റെ കാര്യത്തിൽ ജനാധിപത്യ പാർട്ടികൾ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഹാബിന്‍റെ ആരോപണങ്ങളോട് വ്യക്തിപരമായി പ്രതികരിക്കുന്നില്ലെന്ന് ജെബി മേത്തർ പറഞ്ഞു.

ഏകവ്യക്തി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പി കിരോഡി ലാൽ മീണ തിങ്കളാഴ്ച രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. കോൺഗ്രസ് എം.പി ജെ.ബി മേത്തർ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ ബിൽ അവതരിപ്പിക്കാനുള്ള അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ബിൽ സ്പീക്കർ വോട്ടിനിട്ടപ്പോൾ 63 പേർ അനുകൂലിച്ചും 23 പേർ എതിർത്തും വോട്ട് ചെയ്തു. വോട്ടെടുപ്പിനിടെ നല്ലൊരു ശതമാനം കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഇല്ലാത്തതിനെ മുസ്ലിം ലീഗ് അംഗം പി വി അബ്ദുൾ വഹാബ് തന്‍റെ പ്രസംഗത്തിൽ വിമർശിച്ചു. എന്നാൽ ജെബി മേത്തർ കോൺഗ്രസ് നിലപാട് സഭയിൽ വ്യക്തമാക്കിയെന്നും വഹാബിന്‍റെ വിമർശനം എന്തിനാണെന്ന് അറിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

വഹാബിന്‍റെ വിമർശനം വിവാദമാക്കരുതെന്ന് പറഞ്ഞ പി.കെ കുഞ്ഞാലിക്കുട്ടി ഏകീകൃത സിവിൽ കോഡിന്‍റെ ഗൗരവമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും വിശദീകരിച്ചു. മൂന്ന് കോൺഗ്രസ് എംപിമാർ സ്വകാര്യ ബില്ലിനെതിരെ സംസാരിച്ചെന്നും വഹാബിന്‍റെ ആരോപണങ്ങളോട് താൻ വ്യക്തിപരമായി പ്രതികരിക്കുന്നില്ലെന്നും ജെബി മേത്തർ പറഞ്ഞു. രാജ്യസഭയിൽ ഏകീകൃത സിവിൽ കോഡിനെ ജെ.ബി മേത്തർ എതിർത്തത് സഭാ രേഖകളിലുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

By newsten