സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ നാടകത്തിന് പിന്നിൽ ബിജെപി-യുഡിഎഫ് ഗൂഢാലോചനയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ കയ്യിലെ പാവയാണ് സ്വപ്ന. ഇതൊന്നും ഈ കേരളത്തിൽ വിലപ്പോവില്ല. വികസന പദ്ധതികൾ അട്ടിമറിക്കാനും സംസ്ഥാനത്ത് കലാപം വിതയ്ക്കാനും കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഈ തീക്കളി നിർത്തിയില്ലെങ്കിൽ ആളുകൾ കാര്യങ്ങൾ പഠിപ്പിക്കും. സമരാഭാസത്തിന് മുന്നിൽ കീഴടങ്ങാൻ സർക്കാരും എൽ.ഡി.എഫും തയ്യാറല്ലെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തെ ജനങ്ങൾ ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. എൽ.ഡി.എഫ് ബഹുജന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
അതേസമയം സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ ഐ.എ.എസാണ് പ്രധാന പങ്ക് വഹിച്ചത്. രഹസ്യമൊഴികളുടെ പേരിൽ തന്നെയും തന്റെ അഭിഭാഷകനെയും സർക്കാർ ദ്രോഹിക്കുകയാണെന്ന് സ്വപ്ന ആരോപിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുവദിക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണക്കടത്തെന്നും സ്വപ്ന കത്തിൽ സൂചിപ്പിക്കുന്നു.