മലപ്പുറം: മുന്നിൽ നിൽക്കുന്ന കുട്ടികളെ ഡോ.അബ്ദുൾ തന്‍റെ ശബ്ദത്തിലൂടെ തിരിച്ചറിയും. സ്റ്റെതസ്കോപ്പ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കും. രോഗം മനസ്സിലാക്കി മരുന്നിന് ചീട്ടെഴുതും. പലപ്പോഴും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് അവരെ തിരിച്ചയക്കുന്നത്. വേങ്ങര ചാലുടി സ്വദേശിയായ ഡോ.എൻ.അബ്ദുളിന് 12 വർഷമായി കാഴ്‌ചയില്ല.
ഡയബറ്റിക് റെറ്റിനോപ്പതി കാരണമാണ് അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. എങ്കിലും ശിശുരോഗവിദഗ്ധനായ അദ്ദേഹം 67-ാം വയസ്സിലും ആതുരസേവനരംഗത്ത് സജീവമാണ്. മുമ്പത്തേക്കാൾ രോഗികൾക്ക് എന്നോട് ഇപ്പോൾ സ്‌നേഹം കൂടുതലാണെന്നാണ് ഡോക്ടർ പറയുന്നത്. ആ സ്‌നേഹം അദ്ദേഹം ചികിത്സയിലൂടെ തിരികെ നൽകും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്ന് ഫീസ് ഈടാക്കാതെയാണ് പലപ്പോഴും ചികിത്സ നടത്തുന്നത്. തന്‍റെ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം അദ്ദേഹം പാവപ്പെട്ട രോഗികൾക്കായി നീക്കിവയ്ക്കുന്നു.