Spread the love

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം നീക്കം ചെയ്ത് പരിശോധിച്ച സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണിത്. ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ തുടർനടപടികൾ ഉണ്ടാവുക.

കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ രണ്ട് ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്ന് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചുപേരും വനിതാ ജീവനക്കാരാണ്. അന്വേഷണ സംഘം ഇന്ന് കോളേജിലെത്തി പരിശോധന നടത്തി. ജീവനക്കാരെയും ചോദ്യം ചെയ്തു. ഇതേതുടർന്ന് രണ്ട് കോളേജ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. പരീക്ഷയ്ക്ക് മുമ്പുള്ള ശാരീരിക പരിശോധനയുടെ ചുമതല ഒരു സ്വകാര്യ ഏജൻസിക്കായിരുന്നു. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവർ നിയോഗിച്ചത്. ശാരീരിക പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പരാതി നൽകിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശികൾക്കു പുറമെ മൂന്ന് വിദ്യാർത്ഥികൾ കൂടി ചടയമംഗലം പോലീസിൽ പരാതി നൽകി.

By newsten