Spread the love

ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ഇന്ന് വിതരണം ചെയ്യും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം സച്ചിക്ക് ലഭിച്ചിരുന്നു. സച്ചിയുടെ ഭാര്യ സിജി പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തി. അവാര്‍ഡ് ഏറ്റുവാങ്ങുന്നത് സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സിജി ഫേസ്ബുക്കിൽ കുറിച്ചു.

‘നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ രാഷ്ട്രപതിയുടെ കൂടെ ഡിന്നർ കഴിക്കും. നാഷണൽ അവാർഡ് വാങ്ങും. അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകി ഞാനത് സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റുവാങ്ങും.’

‘ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു. അതെ , നീ ചരിത്രം തേടുന്നില്ല.  നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ. ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം. ഈ സായാഹ്നം ഒരു ചരിത്ര നിമിഷമാണ്. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും,  എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം. പ്രിയപ്പെട്ട സച്ചി. എന്‍റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു, അവിടെ നീ ഇല്ലാത്തതിന്‍റെ ദുഃഖം അതിനേക്കാൾ കൂടുതലാണ്. നിങ്ങൾ സ്വർഗത്തിൽ ഇരുന്ന് അത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിലാണ് ഞാൻ’, സിജി ഫേസ്ബുക്കിൽ കുറിച്ചു.

By newsten