ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘നാക്’ (നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) അംഗീകാരം നൽകുന്നതിനുള്ള മൂല്യനിർണയം ഉൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കും. കോളേജുകൾക്ക് അനുവദിക്കുന്ന സ്കോർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് നാക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ഭൂഷൺ പട്‌വർധൻ പറഞ്ഞു.
അധ്യാപകരുടെ എണ്ണം, പി.എച്ച്.ഡി. അക്കാഡമിക് യോഗ്യതകൾ, സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം, കമ്പ്യൂട്ടറുകൾ, ലൈബ്രറിയിലെ പുസ്തകങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് അംഗീകാരം നൽകുന്നത്. ഓരോ ചോദ്യത്തിനും നൽകുന്ന പരമാവധി സ്കോർ രഹസ്യസ്വഭാവത്തോടെയാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ മൂല്യനിർണയ പ്രക്രിയ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി സ്കോർ ലിസ്റ്റ് പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.
നാക് അംഗീകാരം ലഭിക്കാൻ സർവകലാശാലകൾ ഉദ്യോഗസ്ഥർക്ക് പണവും സ്വർണവും വാഗ്ദാനം ചെയ്തതായി ആരോപണമുയർന്നിരുന്നു. നാക് അംഗീകാരം ലഭിക്കാൻ സ്ഥാപനങ്ങൾ കൃത്രിമം കാണിച്ചെന്ന പരാതികൾ ഒക്ടോബറിൽ പുറത്തുവന്നിരുന്നു. പരാതിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് നാക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.