Spread the love

ഇസ്‌ലാമാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാകിസ്താൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ മുസ്ലീങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ശക്തമായി പ്രതിഷേധിക്കാനും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകാനും അദ്ദേഹം ലോകത്തോട് അഭ്യർത്ഥിച്ചു.

പരാമർശത്തിൽ കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്നും അപലപിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ കാണ്പൂരിൽ ഒരു ടിവി ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെ അപമാനിച്ചുവെന്നാരോപിച്ച് യുപിയിലെ കാൻപുരിലുണ്ടായ സംഘർഷം അറബ് ലോകത്ത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലേക്കു വളർന്നിരുന്നു. ഇതോടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികളുമായി പാർട്ടി രംഗത്തെത്തി. വിവാദ പരാമർശത്തിന്റെ പേരിൽ വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഡൽഹി ഘടകം മാധ്യമ ചുമതലയുള്ള നവീൻ കുമാർ ജിൻഡാലിനെയും സസ്പെൻഡ് ചെയ്തു.

വെള്ളിയാഴ്ച കാൻപുരിലെ പരേഡ് ചൗക്ക്, നയിസഡക്, യതീം ഖാന എന്നിവിടങ്ങളിൽ നുപൂരിന്റെ പരാമർശങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങൾ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചു. ഗ്യാൻവാപി മസ്ജിദ് ചർച്ചയ്ക്കിടെയാണ് നൂപൂരിന്റെ വിവാദ പരാമർശം. ഖത്തറും കുവൈറ്റും ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

By newsten