Spread the love

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായി റിപ്പോർട്ട്. മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും നവജാത ശിശുവും ജൂലൈ ആദ്യ വാരമാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണങ്ങളും സംഭവിച്ചത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഡോക്ടർമാരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും.

ഗർഭിണിയായ 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നു. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഇതിനിടയിൽ ഐശ്വര്യയ്ക്ക് അമിത രക്തസ്രാവം ഉണ്ടായി. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. അടുത്ത ദിവസം നവജാത ശിശുവും മരിച്ചു.

ചികിത്സാപിഴവാണ് മരണകാരണമെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിന്നിരുന്നു. നവജാത ശിശുവിന്റെ  കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

By newsten