തിരുവനന്തപുരം: കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ത ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറെ ഇനി തിരിച്ചറിയാന്‍ ഉണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രണ്ടുപേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കാണ് 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിച്ചിയിച്ചു. അതേസമയം, കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആദ്യം വിവരങ്ങള്‍ നല്‍കിയെങ്കിലും ഇപ്പോള്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാകുന്നില്ല. നിരീക്ഷണത്തിലുള്ള മാതാപിതാക്കളും പൂര്‍ണ വിവരങ്ങള്‍ നല്‍കുന്നില്ല. കൂടുതല്‍ പേരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യവകുപ്പ്. ഹൈ റിസ്‌ക് വിഭാഗത്തില്‍ രോഗിയുടെ വീട്ടിലുള്ള രണ്ട് പേരും മറ്റ് മൂന്ന് ആളുകളുമുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.