Spread the love

കുട്ടികൾ, ഗർഭിണികൾ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവർ എന്നിവരിലേക്ക് മങ്കിപോക്സ് വൈറസ് പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. സ്പെയിനിലെയും ഫ്രാൻസിലെയും 18 വയസ്സിന് താഴെയുള്ളവരിൽ മങ്കിപോക്സ് ബാധയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന വൃത്തങ്ങൾ അറിയിച്ചു. മെയ് മുതൽ, യുകെയിലും ഇത്തരത്തിലുള്ള രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

50 ലധികം രാജ്യങ്ങളിലായി 4,000 ലധികം ആളുകളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട നിലയിലേക്ക് വൈറസ് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലേക്ക് വൈറസ് പടരുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറല്‍ ഡോ. ടെഡ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു.

ഭൂരിഭാഗം മങ്കിപോക്സ് കേസുകളും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, എൽജിബിടിക്യുഐ+ കമ്മ്യൂണിറ്റിയും വൈറസിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് പരിശോധന വർദ്ധിപ്പിക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിൽ കണ്ടെത്തിയ ആദ്യത്തെ മങ്കിപോക്സ് വൈറസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ പടരുന്ന വൈറസിന് നിരവധി മ്യൂട്ടേഷനുകൾ ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.

By newsten