ചെന്നൈ: മലയാളം ചാനൽ ചർച്ചയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല എന്ന കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ള പരാമർശങ്ങളും ഹിന്ദിയെ ദേശീയ ഭാഷയാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവും ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നു. സ്റ്റാലിന്റെ ‘മലയാളം പേച്ചും’ തമിഴർ ആകാംക്ഷയോടെ സ്വീകരിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വേദിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്റ്റാലിൻ നടത്തിയ കടന്നാക്രമണം തമിഴ് മാധ്യമങ്ങളിൽ ‘ബ്രേക്കിംഗ് ന്യൂസ്’ ആയി മാറി. വിവിധ നിയമങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള പരാമർശവും തമിഴ്നാട്ടിൽ ചർച്ചയായി. ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കില്ലെന്ന പ്രഖ്യാപനം വീണ്ടും ഹിന്ദി വിരുദ്ധ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് സംഖ്യത്തിനപ്പുറം സി.പി.എമ്മുമായി ബന്ധമുണ്ടെന്ന സ്റ്റാലിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തമിഴ്നാട്ടിൽ പിണറായി വിജയന് ആരാധകരുണ്ടെന്ന സ്റ്റാലിന്റെ പരാമർശം തമിഴ്നാട്ടിലെ സി.പി.എം കേന്ദ്രങ്ങളും ഇടതുപക്ഷ സഹയാത്രികരായ മലയാളികളും ആഘോഷിക്കുകയാണ്.